Thursday, September 24, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

രോഗമകറ്റുന്ന പ്രസാദങ്ങൾ


*🔱🔥രോഗമകറ്റുന്ന പ്രസാദങ്ങൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮


നമ്മുടെ മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾക്ക് മഹാരോഗങ്ങളെപോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അനുഭവം. നമുക്ക് ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും

01: മുക്കുടി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പാലക്കാട്  നഗരത്തിൽ കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണ ജയന്തിദിവസം രാത്രി 11നും12നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശർക്കര എന്നിവ ചേർത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തർക്ക് നൽകുന്നു.ഈ പ്രസാദം സേവിച്ചാൽ പല രോഗങ്ങളും അകലുമെന്നാണ് വിശ്വാസം

ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷ കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം

02: തേൻ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുച്ചിറപ്പള്ളിയിൽ വെക്കാളിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാൾ ക്ഷേത്രത്തിൽ വെള്ളിയാഴ്ച തോറും രാഹുകാലവേളയിൽ ദുർഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേർത്ത് അഭിഷേകം ചെയ്ത് ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കിൽ തടവുന്നു. തുടർച്ചയായി ഇങ്ങനെ ചെയ്താൽ സംസാരശേഷിയില്ലാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങുമത്രെ

03: പാവയ്ക്കായ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തമിഴ്നാട്ടിൽ പുതുക്കോട്ട ജില്ലയിലെ ആവുടയാർ ക്ഷേത്രത്തിലെ അർദ്ധയാമപൂജാവേളയിൽ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നൽകപ്പെടുന്നു. തുടർച്ചയായി നാല് ആഴ്ച ഇവിടെ ദർശനം നടത്തി മനസ്സുരുകി പ്രാർത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചു പോന്നാൽ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം

04: വിഷമുറി പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഏറെ പ്രസിദ്ധമാണ് ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം.മാന്ത്രിക ചെയ്വനകളാൽ ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടെത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലിൽ കലർത്തി ആവശ്യക്കാരെകൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ച ശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോൾ ഛർദ്ദിയുണ്ടാവുകയും വിഷം പുറത്ത് വരുമെന്നാണ് വിശ്വാസം

05: വലിയെണ്ണ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രസന്നിധിയിൽ ജീവിച്ചു പോന്ന അണക്കേഴത്ത് വലിയച്ഛൻ എന്നയാളുടെ സ്വപ്നത്തിൽ അയ്യപ്പൻ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയെണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞു കൊടുത്തുവത്രെ. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്റെ അടിസ്ഥാനത്തിൽ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം  അന്നേദിവസം നേദിച്ച ശർക്കരപായസത്തിൽ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം. ഓതറമലമ്പ്രദേശത്തുള്ള എൺപത്തിനാല്തരം പച്ചിലമൂലികകളും എണ്ണകളും ചേർത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കഠിനമായ പഥ്യവും നിർദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദ എണ്ണ നാവിലോ പല്ലിലോ തട്ടാതെ ശംഖുകൊണ്ട്തൊണ്ടയിൽ ഒഴിക്കുന്നതാണ് പതിവ്. ഏഴു ദിവസം ഇവിടെ താമസിച്ച് പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും നൽകുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേർത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വർജ്ജിക്കണം. മിഥുനം, കർക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുന്നത്. ഈ കാലമാണ് ഈ മരുന്ന് സേവിക്കാൻ ഉത്തമം. പൂർണ്ണ ഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ചാൽ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് ഭക്തവിശ്വാസം മാത്രമല്ല അനുഭവങ്ങളും

06: താൾകറിപ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴ ജില്ലയിൽ മരുത്തോർവട്ടം ശ്രീ ധന്വന്തരിക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. താൾകറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തി ഉണ്ട്. സ്വാതിതിരുനാൾ താൾകറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കർക്കിടത്തിലെ കറുത്തവാവിൻ നാളിലാണ് ഈ താൾകറി നിവേദിക്കപ്പെടൂന്നത്. കാട്ടുചേമ്പിലതണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേർത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാട് കഴിഞ്ഞയുടൻ ഭക്തർക്ക് നേദ്യത്തോടൊപ്പം താൾകറിയും നൽകപ്പെടുന്നു

07: അടുക്കള പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കളവിഭൂതിപ്രസാദമാണ്. വില്വമംഗലം സ്വാമിയാർക്ക് അടുക്കളയിൽ ദർശനം നൽകി അടുപ്പിലെ ചാമ്പൽ പ്രസാദമായി നൽകിയെന്നാണ് ചരിത്രം. ഈ വിഭൂതി ഭക്തിപൂർവ്വം ധരിച്ചാൽ ഹിസ്റ്റീരിയാ തുടങ്ങിയിട്ടുള്ള എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസവും അനുഭവവും.

08: നെയ്യ് പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന സരസ്വതിക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന വഴിപാട് സാരസ്വതം നെയ്യ്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്. 

09: ചന്ദനം പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
 * ❁════❁✿

Tuesday, September 8, 2020

സൂര്യവംശ ചരിത്രം



*സൂര്യവംശ ചരിത്രം*

         സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും 

ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി.
(1) ശ്രീആദിനാരായണൻ 

(2) ബ്രഹ്മദേവൻ 

(3) മരീചി 

(4) കശ്യപൻ 

(5) സൂര്യൻ 

(6) വൈവസ്വരമനു 

(7) ഇക്ഷാകു 

(8) വൃക്ഷി 

(9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ 

(10) ഇന്ദ്രവാഹൻ 

(11) വിശ്വരണി 

(12) ചന്ദ്രൻ 

(13) യവനാശ്വൻ 

(14) ചാപസ്ഥൻ 

(15) ബ്രുഹദശ്വൻ 

(16) കുവലയാശ്വൻ 

(17) ദ്രുഡാശ്വൻ 

(18) ഹരിശ്വൻ 

(19) നികുംഭൻ 

(20) മൃഗണാശ്വൻ 

(21) വീണ്ടും മൃഗണാശ്വൻ 

(22) കൃതാശ്വൻ 

(23) സേനജിത്ത് 

(24) യവനാശ്വൻ 

(25) മാന്ധാതാ 

(26) പുരുകുത്സൻ 

(27) ത്രസ്യദസ്യു അഥവാ അനരണ്യൻ

(28) ഹരിശ്വൻ 

(29) അരുണൻ 

(30) ത്രിബന്ധനൻ 

(31)ത്രിശങ്കു അഥവാ സത്യവ്രതൻ 

(32) ഹരിശ്ചന്ദ്രൻ 

(33) ലോഹിതൻ 

(34) അരിദൻ 

(35) ചമ്പൻ 

(36) സുദയവൻ 

(37) വിജയൻ 

(38) ഭരുഗൻ 

(39) വിരുഗൻ 

(40) ബാഹുകൻ 

(41) സഗരൻ 

(42) അസമജ്ഞൻ 

(43) അംശുമാൻ 

(44) ദിലീപൻ 

(45) ഭഗീരഥൻ 

(46) ശ്രുതൻ 

(47) നാഭൻ 

(48) സിന്ധുദ്വീപൻ 

(49) അയുതായുസ്സ് 

(50) ഋതുപർണൻ 

(51) കല്മാഷപാദൻ എന്ന സുദാസൻ 

(52) അസ്മഗൻ 

(53) നാരീകവചൻ എന്ന മൂലകൻ 

(54)ദശരഥൻ 

(55) ജഢപീഢൻ 

(56) വിശ്വസഖൻ 

(57) ഖട്വാംഗൻ 

(58) ദീർഘബാഹു എന്ന ദിലീപൻ 

(59) രഘു 

(60) അജൻ 

(61) ദശരഥൻ 

(62) ശ്രീരാമൻ (ആദിനാരായണനാണ് ദശരഥന്റെ പുത്രൻ ശ്രീരാമനായിട്ട് അവതരിച്ചത്)
ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ , ശ്രീരാമൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.
ലോകകണ്ടകനായ രാവണന്റെ ഉപദ്രവം സഹിക്കാനാവാതെ ഭൂമിദേവി ഗോരൂപംപൂണ്ട് ബ്രഹമദേവനോട് സങ്കടം ഉണർത്തിച്ചു. തന്റെ വരംമൂലം രാവണൻ മദോന്മത്തനായതുകൊണ്ട് അദ്ദേഹം ഭൂമീദേവിയേയും ദേവന്മാരേയുംകൂട്ടി ക്ഷീരസാഗരതീരത്തുപൊയി മഹാവിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു സന്തുഷ്ടനായി

പ്രത്യക്ഷപ്പെട്ടു.
“രാവണന് മനുഷ്യനാൽമാത്രമേ മരണം സംഭവിക്കുകയുള്ളൂ” എന്ന് ബ്രഹ്മാവ്‌ ഒരുവരം കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സൂര്യകുലത്തിൽ ഇഷ്വാകുവംശത്തിൽ ജനിച്ച അനരണ്യൻ എന്ന രാജാവിനെ രാവണൻ നിഗ്രഹിച്ഛസമയം ആ രാജാവ്, “നീ എന്നെ നിഗ്രഹിക്കുന്നതുനിമിത്തം എന്റെ വംശത്തിലുണ്ടാകുന്ന

ഒരുരാജസിംഹം നിന്നെ കുലത്തോടുകൂടി നശിപ്പിക്കുന്നതാണ്” എന്ന് ശപിക്കുകയുണ്ടായിട്ടുണ്ട്. അതനുസരിച്ച് ഞാൻ രഘുവംശത്തിൽ ദശരഥന്റെ പുത്രനായി അവതരിക്കുന്നതാണ്. നാരദപർവ്വതന്മാരുടെ ശാപമനുസരിച്ച് ഞാൻ രാജ്യംവിട്ട് കാട്ടിൽ പോകേണ്ടാതായും വരും. മുനിമാരുടെ ശാപം അനുസരിച്ച് മഹാലക്ഷ്മി, രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ സന്താനമായി ജനിക്കുന്നതും, ആ കന്യക ജനകന്റെ സന്താനമായി വളരുന്നതും, ആ ജാനകിയെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതും, രാവണൻ ആ പുത്രിയെ കാംക്ഷിക്കുന്നതും, അതുനിമിത്തം രാവണന് ആപത്തുണ്ടാകുന്നതും ആകുന്നു. രാവണനോടുകൂടി ഉണ്ടാകുന്ന യുദ്ധത്തിൽ എന്നെ സഹായിക്കുവാനായി ദേവന്മാർ ഭൂമിയിൽ വാനരന്മാരായി പിറന്നുകൊള്ളട്ടെ. ദശരഥൻ എന്നെ യുവരാജാവായി അഭിഷേകം ചെയ്‌വാൻ പുറപ്പെടുന്നതിനെ മുടക്കുവാനായി ദുന്ദുഭി എന്ന അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

Monday, September 7, 2020

ചട്ടമ്പിസ്വാമി ജയന്തി

*ചട്ടമ്പിസ്വാമി ജയന്തി* 

വേദാന്ത ചിന്തയില്‍ അദ്വിതീയനും കേരള നവോത്ഥാന നായകരില്‍ പ്രമുഖനുമായ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-ാമത്‌ ജയന്തിയാണ് ഇന്ന് (07/09/20)

 കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്‌ വീട്ടിലാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. താമരശ്ശേരി ഇല്ലത്ത്‌ വാസുദേവ ശര്‍മ്മയായിരുന്നു അച്ഛന്‍. നങ്ങേമപ്പിള്ള അമ്മയും.

"നവീന ശങ്കരന്‍" എന്നു മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച അതുല്യ പ്രതിഭയാണ് വിദ്യാധിരാജ തീര്‍ഥപാദരായ ചട്ടമ്പി സ്വാമികള്‍.
അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. മലയാളം കൂടാതെ, തമിഴ്, സംസ്കൃത ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ചിന്തകന്‍, ഗവേഷകന്‍, കവി, വ്യാഖ്യാതാവ്, വാഗ്മി, സമുദായ പരിഷ്കര്‍ത്താവ്, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെയുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അതുല്യമായ ഓർമ ശക്തിയായിരുന്നു അദ്ദേഹത്തിന്. ഒരിക്കൽ കേട്ടതോ വായിച്ചതോ അദ്ദേഹം ഒരിക്കലും മറക്കില്ല. സിദ്ധവൈദ്യം, മർമ്മവിദ്യ, തർക്കശാസ്ത്രം, വേദാന്തം തുടങ്ങിയവയിൽ അസാധാരണ വൈഭവമായിരുന്നു അദ്ദേഹത്തിന്. കന്യാകുമാരിയിലെ സൂഫിവര്യനിൽ നിന്നും ഇസ്ലാം മതതത്വങ്ങളും ഖുറാനും സ്വായത്തമാക്കി.  അത്യാവശ്യം എഴുത്തുകുത്തുകൾക്കുള്ള അറബിയും പഠിച്ചു. തമിഴ്നാട്ടിൽ തന്നെയുള്ള ഒരു ക്രിസ്ത്യൻ പുരോഹിതനിൽനിന്നും ക്രിസ്തുമത സിദ്ധാന്തങ്ങളുംബൈബിളും പഠിച്ചു.

ഹിന്ദുമതത്തിലെ ജാതിചിന്തയ്‌ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്വാമികള്‍ നടത്തിയ ആശയ പ്രചാരണം കേരളത്തിലെ സമൂഹിക പരിഷ്‌കരിക്കരണത്തിനു തുടക്കം കുറിച്ചു. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീ പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരള സമൂഹം ചർച്ച ചെയ്യാത്ത കാര്യങ്ങൾ പൊതുവേദിയിൽ അദ്ദേഹം അവതരിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.


ബാല്യത്തിലെ ദാരിദ്ര്യത്താൽ അദ്ദേഹത്തിന് വേണ്ട രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും സ്വപ്രയത്നം കൊണ്ട് മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും ഗണിതശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ത്തന്നെ വേദങ്ങളും മന്ത്രങ്ങളും പഠിച്ചു.


അയ്യപ്പന്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന കുഞ്ഞന്‍ പിള്ളയാണ്‌ പില്‍ക്കാലത്ത്‌ ചട്ടമ്പിസ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായത്‌. പേട്ടയിലെ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ 'മോണിട്ടര്‍' ആയിരുന്നു. മോണിട്ടറെ ചട്ടമ്പി എന്ന്‌ അന്ന് വിളിച്ചിരുന്നു. ചട്ടമ്പി എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ - നേതാവ് എന്നാണ് അർത്ഥം. കുഞ്ഞന്‍ പിള്ള പിന്നീട്‌ സന്ന്യാസി ആയപ്പോഴും ആ വിളിപ്പേരു തുടര്‍ന്നു പോന്നു.
പതിമൂന്ന് വയസ്സുളളപ്പോള്‍ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശിവരാജയോഗി അയ്യാവു സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം നല്‍കി. ആ മന്ത്രം അരലക്ഷം തവണ ജപിച്ചു സിദ്ധി വരുത്തി അദ്ദേഹം ഷണ്‍മുഖദാസന്‍ എന്ന പേരുനേടി. പിന്നീട് തന്റെ ശിഷ്യർക്ക് പലർക്കും സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം പകർന്നു നൽകിയിട്ടുണ്ട്.

ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആത്മജ്ഞാനത്തിനായി ദേശാടനം ആരംഭിച്ചു. ഈ യാത്രയില്‍ അണിയൂര്‍ ക്ഷേത്രത്തില്‍വച്ച്‌ ശ്രീനാരായണ ഗുരുദേവനെ കാണുകയും ഒരുമിച്ച്‌ മൂന്നു കൊല്ലക്കാലം അരുവിപ്പുറത്തു കഴിയുകയും ചെയ്‌തു."സര്‍വജ്ഞനായ ഋഷി" എന്നും "പരിപൂര്‍ണ കലാനിധി" എന്നും ശ്രീ നാരായണഗുരു ചട്ടമ്പി സ്വാമികളെ വിശേഷിപ്പിച്ചത് തീര്‍ത്തും അന്വര്‍ഥമാണ്. പിൽക്കാലത്ത് ഗുരുദേവൻ സ്വാമികളെ ആദരിച്ച്  "നവമഞ്ജരി" എന്ന കൃതി രചിക്കുകയുണ്ടായി.

എറണാകുളത്തുവച്ച്‌ സ്വാമി വിവേകാനന്ദനെ കാണുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ 'ചിന്മുദ്ര' യുടെ സാരാംശം വിവരിച്ചു കൊടുക്കുകയും ചെയ്‌തു. തുടർന്ന് ഒന്നര മണിക്കൂറോളം വിവേകാനന്ദ സ്വാമികൾ ചിൻമുദ്രാങ്കിതനായി ധ്യാനനിമഗ്നനായി നിന്ന്, അവാച്യമായ സായൂജ്യം നേടി. തുടർന്ന് തന്റെ തലയിൽ കയ് വച്ച് അനുഗ്രഹിക്കണമെന്ന വിവേകാനന്ദ സ്വാമികളുടെ അപേക്ഷ കൈക്കൊണ്ട് ചട്ടമ്പിസ്വാമികൾ അപ്രകാരം ചെയ്യുകയും ചെയ്തു.

"കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു" എന്നു സ്വാമി വിവേകാനന്ദനും "വിവേകാനന്ദന്‍ വായ് തുറന്നാല്‍ മണല്‍ത്തരിപോലും മധുരിക്കും" എന്നു ചട്ടമ്പിസ്വാമികളും പറഞ്ഞിട്ടുണ്ട്. 

ജീവകാരുണ്യ നിരൂപണം, വേദാധികാര നിരൂപണം, ജാതി നിരൂപണം, പ്രാചീനമലയാളം, അദ്വൈത ചിന്താപദ്ധതി, നിജാനന്ദവിലാസം, ക്രിസ്‌തുമതസാരം എന്നിവയാണ്‌ ചട്ടമ്പിസ്വാമികളുടെ പ്രധാന രചനകള്‍. ഇതിൽ പ്രാചീന മലയാളമാണ് അദ്ദേഹത്തിന്റെ ഏറ്റവും ബ്രഹത്തായ രചന. പ്രാചീന കേരളത്തിലെ സാമൂഹിക ചുറ്റുപാടുകൾ സ്വാമികൾ അതിൽ വ്യക്തമായി വരച്ചിടുന്നുണ്ട്.

സ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് 2014ൽ  അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. 

ചട്ടമ്പിസ്വാമികളുടെ സഹജീവികളോടുള്ള ദീനാനുകമ്പ പ്രസിദ്ധമാണ്. "അനുകമ്പയാവുന്ന തേൻ കൊണ്ട് നിറഞ്ഞതാവണം മനുഷ്യ മനസ്സ്" എന്നു പറഞ്ഞ അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആഗസ്ത് 25 (കൊല്ലവർഷം 1029 ചിങ്ങമാസം ഭരണിനാളിലാണ് സ്വാമികൾ ജനിച്ചത്)  ജീവകാരുണ്യ ദിനമായി സംസ്ഥന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സന്ന്യാസജീവിതത്തിന്റെ സായന്തനത്തില്‍ ഗൃഹസ്ഥശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ അതിഥിയായി പന്മനയില്‍ താമസിക്കവേ കൊല്ലവര്‍ഷം 1099 മേടം 23ന്‌ സ്വാമികള്‍ സമാധിയായി. 

🙏🏻🙏🏻🙏🏻

ചട്ടമ്പിസ്വാമികൾ

*🔱🔥ചട്ടമ്പിസ്വാമികൾ🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

അച്ഛന്റെ പേര് ?
ans : വാസുദേവൻ നമ്പൂതിരി

അമ്മയുടെ പേര് ? 
ans : നങ്ങമ പിള്ള 

ചട്ടമ്പി സ്വാമിയുടെ ഭവനം?
ഉള്ളൂർക്കോട്ട് വീട്  

ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
[രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ  പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.]

ചട്ടമ്പി സ്വാമികളുടെ ഗുരു?
ans : തൈക്കാട് അയ്യ സ്വാമികൾ 

സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
ans : സുബ്ബജടാപാഠികൾ 

ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
ans : സ്വാമിനാഥ ദേശികർ

ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
ans : എട്ടരയോഗം 

തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ans : വടിവീശ്വരം

ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
ans : തൈക്കാട് അയ്യ

‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
ans : ചട്ടമ്പി സ്വാമികളെ 

ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ans : ചട്ടമ്പി സ്വാമി

ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ans : നവമഞ്ജരി

ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : ബോധോശ്വരൻ 

ചട്ടമ്പി സ്വാമി സമാധിയായത്?
ans : 1924 മെയ് 5

ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പന്മന

ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
ans : ബാലഭട്ടാരക ക്ഷേത്രം

ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2014 ഏപ്രിൽ 30 

ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ചട്ടമ്പി സ്വാമികൾ ജനിച്ചത്?
ans : 1853 ആഗസ്റ്റ് 25 

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
ans : കൊല്ലൂർ(കണ്ണമൂല)

അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച  ചട്ടമ്പി സ്വാമികളുടെ കൃതി?
ans : വേദാധികാര നിരൂപണം

ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
ans : പന്മന (കൊല്ലം)
 
*ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
ans : 1882

ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
ans : 1892

ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ans : അയ്യപ്പൻ 

ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
ans : കുഞ്ഞൻപിള്ള 

‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ 

‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ

ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
ans : ചട്ടമ്പിസ്വാമികൾ

‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ, അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം, നിജാനന്ദാവിലാസം, വേദാധികാര നിരൂപണം, വേദാന്തസാരം, പ്രാചീന മലയാളം, അദ്വൈതപഞ്ചാരം,   സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
ans : പ്രാചീന മലയാളം

പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി? 
ans : പ്രാചീന മലയാളം 

ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
ans : പ്രാചീന മലയാളം

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿