*ചട്ടമ്പിസ്വാമി ജയന്തി*
വേദാന്ത ചിന്തയില്‍ അദ്വിതീയനും കേരള നവോത്ഥാന നായകരില്‍ പ്രമുഖനുമായ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-ാമത് ജയന്തിയാണ് ഇന്ന് (07/09/20)
കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട് വീട്ടിലാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. താമരശ്ശേരി ഇല്ലത്ത് വാസുദേവ ശര്‍മ്മയായിരുന്നു അച്ഛന്‍. നങ്ങേമപ്പിള്ള അമ്മയും.
"നവീന ശങ്കരന്‍" എന്നു മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച അതുല്യ പ്രതിഭയാണ് വിദ്യാധിരാജ തീര്‍ഥപാദരായ ചട്ടമ്പി സ്വാമികള്‍.
അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. മലയാളം കൂടാതെ, തമിഴ്, സംസ്കൃത ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ചിന്തകന്‍, ഗവേഷകന്‍, കവി, വ്യാഖ്യാതാവ്, വാഗ്മി, സമുദായ പരിഷ്കര്‍ത്താവ്, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെയുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അതുല്യമായ ഓർമ ശക്തിയായിരുന്നു അദ്ദേഹത്തിന്. ഒരിക്കൽ കേട്ടതോ വായിച്ചതോ അദ്ദേഹം ഒരിക്കലും മറക്കില്ല. സിദ്ധവൈദ്യം, മർമ്മവിദ്യ, തർക്കശാസ്ത്രം, വേദാന്തം തുടങ്ങിയവയിൽ അസാധാരണ വൈഭവമായിരുന്നു അദ്ദേഹത്തിന്. കന്യാകുമാരിയിലെ സൂഫിവര്യനിൽ നിന്നും ഇസ്ലാം മതതത്വങ്ങളും ഖുറാനും സ്വായത്തമാക്കി. അത്യാവശ്യം എഴുത്തുകുത്തുകൾക്കുള്ള അറബിയും പഠിച്ചു. തമിഴ്നാട്ടിൽ തന്നെയുള്ള ഒരു ക്രിസ്ത്യൻ പുരോഹിതനിൽനിന്നും ക്രിസ്തുമത സിദ്ധാന്തങ്ങളുംബൈബിളും പഠിച്ചു.
ഹിന്ദുമതത്തിലെ ജാതിചിന്തയ്‌ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്വാമികള്‍ നടത്തിയ ആശയ പ്രചാരണം കേരളത്തിലെ സമൂഹിക പരിഷ്‌കരിക്കരണത്തിനു തുടക്കം കുറിച്ചു. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീ പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരള സമൂഹം ചർച്ച ചെയ്യാത്ത കാര്യങ്ങൾ പൊതുവേദിയിൽ അദ്ദേഹം അവതരിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
ബാല്യത്തിലെ ദാരിദ്ര്യത്താൽ അദ്ദേഹത്തിന് വേണ്ട രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും സ്വപ്രയത്നം കൊണ്ട് മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും ഗണിതശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ത്തന്നെ വേദങ്ങളും മന്ത്രങ്ങളും പഠിച്ചു.
അയ്യപ്പന്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന കുഞ്ഞന്‍ പിള്ളയാണ് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായത്. പേട്ടയിലെ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ 'മോണിട്ടര്‍' ആയിരുന്നു. മോണിട്ടറെ ചട്ടമ്പി എന്ന് അന്ന് വിളിച്ചിരുന്നു. ചട്ടമ്പി എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ - നേതാവ് എന്നാണ് അർത്ഥം. കുഞ്ഞന്‍ പിള്ള പിന്നീട് സന്ന്യാസി ആയപ്പോഴും ആ വിളിപ്പേരു തുടര്‍ന്നു പോന്നു.
പതിമൂന്ന് വയസ്സുളളപ്പോള്‍ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശിവരാജയോഗി അയ്യാവു സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം നല്‍കി. ആ മന്ത്രം അരലക്ഷം തവണ ജപിച്ചു സിദ്ധി വരുത്തി അദ്ദേഹം ഷണ്‍മുഖദാസന്‍ എന്ന പേരുനേടി. പിന്നീട് തന്റെ ശിഷ്യർക്ക് പലർക്കും സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം പകർന്നു നൽകിയിട്ടുണ്ട്.
ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആത്മജ്ഞാനത്തിനായി ദേശാടനം ആരംഭിച്ചു. ഈ യാത്രയില്‍ അണിയൂര്‍ ക്ഷേത്രത്തില്‍വച്ച് ശ്രീനാരായണ ഗുരുദേവനെ കാണുകയും ഒരുമിച്ച് മൂന്നു കൊല്ലക്കാലം അരുവിപ്പുറത്തു കഴിയുകയും ചെയ്‌തു."സര്‍വജ്ഞനായ ഋഷി" എന്നും "പരിപൂര്‍ണ കലാനിധി" എന്നും ശ്രീ നാരായണഗുരു ചട്ടമ്പി സ്വാമികളെ വിശേഷിപ്പിച്ചത് തീര്‍ത്തും അന്വര്‍ഥമാണ്. പിൽക്കാലത്ത് ഗുരുദേവൻ സ്വാമികളെ ആദരിച്ച് "നവമഞ്ജരി" എന്ന കൃതി രചിക്കുകയുണ്ടായി.
എറണാകുളത്തുവച്ച് സ്വാമി വിവേകാനന്ദനെ കാണുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് 'ചിന്മുദ്ര' യുടെ സാരാംശം വിവരിച്ചു കൊടുക്കുകയും ചെയ്‌തു. തുടർന്ന് ഒന്നര മണിക്കൂറോളം വിവേകാനന്ദ സ്വാമികൾ ചിൻമുദ്രാങ്കിതനായി ധ്യാനനിമഗ്നനായി നിന്ന്, അവാച്യമായ സായൂജ്യം നേടി. തുടർന്ന് തന്റെ തലയിൽ കയ് വച്ച് അനുഗ്രഹിക്കണമെന്ന വിവേകാനന്ദ സ്വാമികളുടെ അപേക്ഷ കൈക്കൊണ്ട് ചട്ടമ്പിസ്വാമികൾ അപ്രകാരം ചെയ്യുകയും ചെയ്തു.
"കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു" എന്നു സ്വാമി വിവേകാനന്ദനും "വിവേകാനന്ദന്‍ വായ് തുറന്നാല്‍ മണല്‍ത്തരിപോലും മധുരിക്കും" എന്നു ചട്ടമ്പിസ്വാമികളും പറഞ്ഞിട്ടുണ്ട്.
ജീവകാരുണ്യ നിരൂപണം, വേദാധികാര നിരൂപണം, ജാതി നിരൂപണം, പ്രാചീനമലയാളം, അദ്വൈത ചിന്താപദ്ധതി, നിജാനന്ദവിലാസം, ക്രിസ്‌തുമതസാരം എന്നിവയാണ് ചട്ടമ്പിസ്വാമികളുടെ പ്രധാന രചനകള്‍. ഇതിൽ പ്രാചീന മലയാളമാണ് അദ്ദേഹത്തിന്റെ ഏറ്റവും ബ്രഹത്തായ രചന. പ്രാചീന കേരളത്തിലെ സാമൂഹിക ചുറ്റുപാടുകൾ സ്വാമികൾ അതിൽ വ്യക്തമായി വരച്ചിടുന്നുണ്ട്.
സ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് 2014ൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.
ചട്ടമ്പിസ്വാമികളുടെ സഹജീവികളോടുള്ള ദീനാനുകമ്പ പ്രസിദ്ധമാണ്. "അനുകമ്പയാവുന്ന തേൻ കൊണ്ട് നിറഞ്ഞതാവണം മനുഷ്യ മനസ്സ്" എന്നു പറഞ്ഞ അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആഗസ്ത് 25 (കൊല്ലവർഷം 1029 ചിങ്ങമാസം ഭരണിനാളിലാണ് സ്വാമികൾ ജനിച്ചത്) ജീവകാരുണ്യ ദിനമായി സംസ്ഥന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സന്ന്യാസജീവിതത്തിന്റെ സായന്തനത്തില്‍ ഗൃഹസ്ഥശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ അതിഥിയായി പന്മനയില്‍ താമസിക്കവേ കൊല്ലവര്‍ഷം 1099 മേടം 23ന് സ്വാമികള്‍ സമാധിയായി.
🙏🏻🙏🏻🙏🏻
No comments:
Post a Comment