പാലക്കാടൻ ,വള്ളുവനാടൻ,ഗ്രാമങ്ങളിൽ ധനു മാസത്തിലെ തിരുവാതിര ആകുമ്പോഴേക്കും വീടും പറമ്പും എല്ലാം ചെത്തി കോരി വൃത്തിയാക്കി വയ്ക്കുന്ന ഒരു പതിവുണ്ട്.മുറ്റമെല്ലാം ചാണകം മെഴുകി, തിണ്ടുകളും അതിരുകളും എല്ലാം മണ്ണ് കുഴച്ചു തേച്ച് വയ്ച്ച് തിളങ്ങി നിൽക്കും.എന്തൊരു ഭംഗിയാണ് എന്നറിയാമോ ആ കാഴ്ചകൾ കാണാൻ...തിരുവാതിരക്ക് മുന്നേ മൺ പണി നടക്കണം എന്നാണ് നാട്ടിൽ പറയുക.. ചാണകം മെഴുകിയ മുറ്റത്തിൽ എന്നും രാവിലെ എണീറ്റ ഉടനെ തന്നെ വെള്ളം തളിക്കുന്ന പരിപാടി ഉണ്ട്. പൊടി പറക്കാതെ ഇരിക്കാൻ വേണ്ടിയാണ് അത്.
ഈ ഒരു രീതിക്ക് പല ഭാഷ്യങ്ങൾ ഉണ്ട് നാട്ടിൽ .അതെല്ലാം താഴെ കൊടുക്കുന്നു. തിരുവാതിരയെ വരവേൽക്കാൻ ആണ് ഇതെല്ലാം എന്നൊരു ഭാഷ്യം ഉണ്ട്.തിരുവാതിര കാറ്റ് വീശാൻ തുടങ്ങുന്ന കാലമാണ് ധനു മാസം .മഞ്ഞും ,കാറ്റും കൊണ്ട് അസുഖം വീട്ടിലേക്ക് വരും .അത് കൊണ്ടാണ് ചാണകം മെഴുകി വയ്ക്കുന്നത് എന്നും പറയുന്നു. മകരം അവസാനം ആകുമ്പോഴേക്കും ചൂട് തുടങ്ങും .പറമ്പിലെ മാളങ്ങളിൽ നിന്നും ,കാട് പിടിച്ച് കിടക്കുന്ന ഭൂമിയിൽ നിന്നും എല്ലാം ഇഴജന്തുക്കൾ പുറത്ത് വരുന്ന സമയമാണ് അതെല്ലാം.അതിനു മുന്നേ പറമ്പ് എല്ലാം ചെത്തി കോരി വൃത്തിയാക്കി , മാളങ്ങൾ എല്ലാം മണ്ണിട്ട് തൂർത്ത് കഴിഞ്ഞാൽ പിന്നെ അവയുടെ ശല്യം ഉണ്ടാകില്ല..മകര കൊയ്ത്ത് ആകുമ്പോഴേക്കും , ലക്ഷ്മി ആകുന്ന,സമ്പത്ത് ആകുന്ന, ഐശ്വര്യം ആകുന്ന നെല്ലിനെ വീട്ടിലേക്ക് വരവേൽക്കാൻ വേണ്ടി ആണ് വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നത് എന്നും എല്ലാം ഭാഷ്യങ്ങൾ ഉണ്ട് ഈ രീതിയെ കുറിച്ച്.. ചില ഗ്രാമങ്ങളിൽ അവരുടെ ഗ്രാമ ഉത്സവങ്ങൾ തുടങ്ങുന്ന കാലം കൂടിയാണ് ഇത്.അത് കൊണ്ടാണ് വീടും പരിസരവും ചെത്തി കോരി വൃത്തിയാക്കി വയ്ക്കുന്നത് എന്നും ഗ്രാമീണ ജനത പറയുന്നു. എന്തായാലും നന്മയുള്ള വിശ്വാസങ്ങൾ എന്നും നിലനിൽക്കട്ടെ എന്നാശംസിക്കാം.
വള്ളുവനാടൻ.
No comments:
Post a Comment