Friday, February 7, 2020

എന്താണ് ക്രിയായോഗം

എന്താണ് ക്രിയായോഗം,🤘🤘🤘..…🕉️

ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന ഒരു യോഗശാസ്ത്ര ശാഖയാണ് ക്രിയായോഗം. ആയിരക്കണക്കിന് വര്‍ഷമായി അനേകായിരം സാധകര്‍ പരിശീലിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്ത സാധനാശാസ്ത്രമാണത്. പല യോഗകേന്ദ്രങ്ങളും തങ്ങളുടെ പരിശീലന സമ്പ്രദായത്തെ ക്രിയായോഗമെന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ 1861ല്‍ മഹാവതാര്‍ ബാബാജി എന്ന മരണമില്ലാത്ത ഗുരു, ലാഹിരി മഹാശയന് പകര്‍ന്നു നല്‍കിയ യോഗശാസ്ത്രത്തെയാണ് സാധാരണയായി ലോകം ക്രിയായോഗമെന്ന പേരില്‍ വ്യവഹരിച്ചുപോരുന്നത്.

ഭഗവദ്ഗീതയിലാണ് നമ്മള്‍ ആദ്യമായി ക്രിയായോഗത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. ഭഗവാന്‍ കൃഷ്ണന്‍ ഒരു ക്രിയയോഗ ഗുരുവായിരുന്നുവെന്നതു തന്നെ ഈ യോഗ ശാഖയുടെ മാഹാത്മ്യത്തെ കാണിക്കുന്നു. കൃഷ്ണന്‍ ഒരു മുന്‍ജന്മത്തില്‍ വിവസ്വാന് ക്രിയ ഉപദേശിച്ചതായി ഗീത പറയുന്നു. വിവസ്വാന്‍ തന്റെ മകനായ മനുവിനും മനു തന്റെ മകനായ ഇക്ഷ്വാകുവിനും അതുപദേശിച്ചു. (ഭഗവദ്ഗീത 4.1-4.5) ഇത്തരത്തില്‍ ഋഷികള്‍ക്ക് പുറമെ ഗൃഹസ്ഥരായ രാജയോഗികളും ഈ വിദ്യയുടെ രക്ഷാകര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. ഈ രീതി പുതിയ ഭൗതികകാലഘട്ടം വരെ തുടര്‍ന്നുവന്നു. പിന്നീട് ആത്മീയകാര്യങ്ങളുടെ രഹസ്യസ്വഭാവത്താലും മനുഷ്യന്റെ താല്പര്യക്കുറവ് മൂലവും പവിത്രമായ ഈ വിദ്യ അപ്രാപ്യമായിത്തീര്‍ന്നു. വീണ്ടും കൃഷ്ണന്‍ മഹാവതാര്‍ ബാബാജിയുടെ രൂപത്തില്‍ ലാഹിരി മഹാശയന് 1861ല്‍ ക്രിയായോഗ ദീക്ഷ പ്രദാനം ചെയ്തു. ദീക്ഷ കൊടുത്തുകൊണ്ട് ബാബാജി പറഞ്ഞു. ”ഈ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നിലൂടെ ഞാന്‍ ലോകത്തിന് നല്‍കുന്ന ക്രിയായോഗമെന്ന യോഗശാസ്ത്രം യുഗങ്ങള്‍ക്ക് മുമ്പ് കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ അതേ ശാസ്ത്രത്തിന്റെ പുനരുദ്ധാരണമാണ്. അത് പിന്നീട് പതഞ്ജലിക്കും മറ്റ് ഗുരുക്കന്മാര്‍ക്കും വഴികാട്ടിയായി.”

സംസ്‌കൃതത്തില്‍ ‘ക്രി’ എന്ന ധാതുവിന് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പ്രതിപ്രവര്‍ത്തനം നടത്തുക എന്നാണ് അര്‍ത്ഥം. അതുകൊണ്ട് ക്രിയായോഗമെന്നാല്‍ ഏതെങ്കിലുമൊരു പ്രത്യേക പ്രവര്‍ത്തനത്തിലൂടെ പരമാത്മാവിലുള്ള ജീവാത്മാവിന്റെ ലയനം (യോഗ) അതായത് ആത്മസാക്ഷാത്കാരത്തിനായ ചില സങ്കേതങ്ങളുടെ പരിശീലനം എന്നര്‍ത്ഥം വരുന്നു. ക്രിയയുടെ മറ്റൊരര്‍ത്ഥം പ്രായോഗികം അഥവാ പ്രാരംഭം എന്നതാണ്. ആ അര്‍ത്ഥത്തില്‍ പ്രായോഗികമായ ചില പ്രാരംഭ തലത്തിലുള്ള പ്രവൃത്തികളിലൂടെ യോഗാവസ്ഥ, ആത്മസാക്ഷാത്കാരം കൈവരിക്കല്‍ എന്നാണര്‍ത്ഥം വരുന്നത്.

ക്രിയായോഗപരിശീലനത്തിലൂടെ കൈവരുന്ന ആദ്യത്തെ പ്രധാന അവസ്ഥ പ്രത്യാഹാരമാണ്. ബാഹ്യലോകവുമായി ഇന്ദ്രിയങ്ങള്‍ക്കുള്ള ബന്ധത്തെ വിച്ഛേദിക്കുന്ന അവസ്ഥയാണത്. അച്ചടക്കത്തിലൂടെയുള്ള പരിശീലനത്തിലൂടെ പതുക്കെ പതുക്കെ ഇച്ഛാപൂര്‍വ്വവും അല്ലാത്തതുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാകുകയും പരിപൂര്‍ണ്ണമായ ധ്യാനാവസ്ഥ സാധകന് കൈവരികയും ചെയ്യുന്നു.

പതഞ്ജലി തന്റെ ‘യോഗസൂത്ര’ത്തില്‍ ക്രിയായോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ”തപസ്വാദ്ധ്യായ ഈശ്വരപ്രണിധാനാനി ക്രിയായോഗ:” തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം – എന്നിവ ചേര്‍ന്നതാണ് ക്രിയായോഗം. തപസ്സെന്നാല്‍ ഒരു വ്യക്തിയുടെ പല തലങ്ങളിലുള്ള (ശാരീരികം, മാനസികം, വൈകാരികം) അശുദ്ധിയെ അഥവാ മാലിന്യത്തെ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. അതിലൂടെ ഒരാള്‍ക്ക് തന്റെ കുറവുകളെക്കുറിച്ച് കൃത്യമായ അനുഭവമുണ്ടാകുന്നു. അത്തരം അറിവ് ഒരു വെളിപാടുപോലെ പ്രവര്‍ത്തിക്കുകയും തന്റെ കര്‍മ്മഭാണ്ഡത്തെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ മനസ്സിനെയും ശരീരത്തെയും മാലിന്യമുക്തമാക്കുന്ന പ്രക്രിയയാണ് തപസ്സ്. ‘സ്വാദ്ധ്യായ’മെന്നാല്‍ സ്വന്തം ആത്മാവിന്റെ പഠനം (തന്റെ സ്വയംപഠനം) എന്നാണര്‍ത്ഥം. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന, നിരീക്ഷിക്കുന്ന പ്രക്രിയയാണത്. ‘ഈശ്വരപ്രണിധാനം’ വ്യഷ്ടിബോധം, സമഷ്ടിബോധത്തില്‍ ലയിക്കുന്നതിനെക്കുറിക്കുന്നു.

ഒരാള്‍ സാധാരണയായി ഒരു നിമിഷത്തില്‍ 15 തവണയാണ് ശ്വാസോച്ഛാസം ചെയ്യുന്നത്. എന്നാല്‍ ക്രിയായോഗം പരിശീലിക്കുമ്പോള്‍ അത് ആദ്യം നാല് തവണയായും പിന്നീട് രണ്ട് തവണയായും കുറയുന്നു. വളരെ പുരോഗതി നേടിക്കഴിഞ്ഞാല്‍ അത് ഒരു തവണയായി മാറുന്നു. ദീര്‍ഘമായ ശ്വാസോച്ഛാസത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്‌സിജന്‍ മനുഷ്യരക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുന്നു. അത്തരത്തില്‍ രക്തം അതീവ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ശ്വാസത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌സിജന്‍ ക്രിയായോഗപരിശീലനത്തിന്റെ ഫലമായി ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുകയും പിന്നീട് സൂക്ഷ്മമായ പ്രാണനായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രിയായോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ശ്വസനരീതി നിരന്തരമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ കോശങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

ഈ അവസ്ഥ കൈവരിക്കാനായാല്‍ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പ്രവഹിക്കുകയില്ല. അതുകൊണ്ടുതന്നെ ശുദ്ധീകരണത്തിനായി രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഈ പ്രക്രിയയുടെ പരിണിതഫലം മുകളിലേക്ക് സഞ്ചരിക്കുന്ന പ്രാണന്റേയും താഴേക്ക് സഞ്ചരിക്കുന്ന അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത ഇല്ലാതായിത്തീരുന്നു. സാധാരണ നിലയില്‍ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്നും മുക്തനാകുന്ന പ്രാണന്‍ ആത്മാവിന്റെ ദിശയിലേക്ക് തിരിയും.

സാധകന്‍ ശരീരബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത് അങ്ങനെയാണ്. വളരെക്കാലത്തോളം കുറച്ചുപേര്‍ക്കുമാത്രം നേടാന്‍ കഴിയുമായിരുന്ന ഒരു സാധനാസമ്പ്രദായമായിരുന്നു ക്രിയായോഗം. സമൂഹത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന സന്യാസികളും യോഗികളുമായിരുന്നു പ്രധാനമായും അതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാഹിരി മഹാശയന്‍ രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കീഴ്‌മേല്‍ മറിഞ്ഞു. പുതിയ കാലഘട്ടത്തില്‍ ആത്മസാക്ഷാത്കാരത്തെ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ വിദ്യയെ പ്രചരിപ്പിക്കാന്‍ വേണ്ടി ജന്മമെടുത്ത മഹാനായിരുന്നു അദ്ദേഹം. ദീക്ഷ നല്‍കിയതിനുശേഷം ബാബാജി അദ്ദേഹത്തോട് പറഞ്ഞു. ”ഈ വിദ്യക്കുവേണ്ടി എല്ലാം ത്യജിച്ചവരെയാകണം നീ ഇത് പഠിപ്പിക്കേണ്ടത്.” അത്തരം ശിഷ്യന്മാരുടെ ദൗര്‍ലഭ്യമോര്‍ത്തും ഇത്തരം മഹത്തായ സാധനാശാസ്ത്രത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിവുള്ള സാധാരണ ജനങ്ങളെക്കുറിച്ചോര്‍ത്തും ചിന്തിതനായ ലാഹിരി മഹാശയന്‍ ബാബാജിയോട് കരുണയുണ്ടാകുവാന്‍

 അപേക്ഷിച്ചു. ബാബാജി അദ്ദേഹത്തിന്റെ മനസ്സ് തുറക്കാനാവശ്യപ്പെട്ടു. അപ്പോഴാണ് മനുഷ്യരാശിയുടെ ആത്മീയ ഗതിയെതന്നെ മാറ്റിമറിച്ച സംഭവമുണ്ടായത്. ലാഹിരി മഹാശയന്‍ പറഞ്ഞു. ”എന്റെ അടുത്ത് ക്രിയായോഗം പഠിക്കാന്‍ വരുന്ന ഏതൊരാളേയും ഞാന്‍ പഠിപ്പിക്കും. മാത്രമല്ല ഞാന്‍ അവരുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.” അങ്ങനെയാണ് ജാതിയോ മതമോ ഭൂമിശാസ്ത്രമോ ലിംഗമോ പ്രായമോ ഒന്നും തന്നെ തടസ്സമാകാതെ ക്രിയായോഗം മനുഷ്യരായ എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരം കൈവന്നത്. സാധാരണ മനുഷ്യര്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് ഗൃഹസ്ഥനായ ആ യോഗി അയ്യായിരത്തില്‍പ്പരം ആളുകളുടെ ജീവിതം ധന്യമാക്കി. പരോക്ഷമായി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുവാനും അദ്ദേഹത്തിനായി.

ക്രിയായോഗം ഒരു ക്രിയാഗുരുവില്‍ നിന്നോ അദ്ദേഹം അധികാരം നല്‍കിയ ഒരു ആചാര്യനില്‍ നിന്നോ ദീക്ഷ മുഖേന പഠിക്കേണ്ട ഒന്നാണ്. ദീക്ഷയെന്നത് അത്യന്തം പവിത്രമായ ഒരു ചടങ്ങാണ്. ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട പുതിയതും ദിവ്യവുമായ ഒരു വഴിയിലൂടെയുള്ള യാത്രയാണത്. ദീക്ഷാസമയത്ത് ഗുരു അഥവാ ആചാര്യന്‍ ശിഷ്യന്റെ നെറ്റിയിലോ (ആജ്ഞാചക്ര) ശിരസ്സിന്റെ മദ്ധ്യഭാഗത്തോ (സഹസ്രാരചക്ര) തൊടുകയും അയാളില്‍ അന്തര്‍ലീനമായ ദൈവീക ശക്തിയെ (കുണ്ഡലിനി) ഉണര്‍ത്തുകയും ചെയ്യുന്നു. അതിനുശേഷം ആദ്യത്തെ ക്രിയാപാഠത്തില്‍ പഠിക്കേണ്ട സങ്കേതങ്ങള്‍ പഠിപ്പിക്കുന്നു. ക്രിയായോഗം സാധാരണ നാലുമുതല്‍ ആറു വരെയുള്ള ദീക്ഷയിലൂടെയാണ് മുഴുവനായി പഠിക്കാന്‍ കഴിയുക. ശിഷ്യന്‍ പരിശീലനത്തിലൂടെ നേടുന്ന യോഗ്യതയാണ് ഉയര്‍ന്ന ക്രിയകള്‍ നേടുന്നതിനുള്ള മാനദണ്ഡം. ക്രിയായോഗ ദീക്ഷയിലൂടെ ഒരാളുടെ കര്‍മ്മഭാണ്ഡങ്ങള്‍ (സഞ്ചിത കര്‍മ്മങ്ങള്‍) എല്ലാം തന്നെ ഭസ്മീകരിക്കപ്പെടുന്നു. പുതുതായി കൈവരിക്കുന്ന സംവേദനക്ഷമതയിലൂടെ അയാള്‍ക്ക് ദിവ്യമായ നാദവും പ്രകാശവും കമ്പനവും ക്രമേണ അനുഭവിക്കാനാവുന്നു.

ക്രിയായോഗം പരിശീലിക്കുമ്പോള്‍ നമ്മുടെ നട്ടെല്ല് കാന്തം പോലെയായിത്തീരുന്നു. ആജ്ഞാചക്രം പോസിറ്റീവ് പോളും മൂലാധാരചക്രം നെഗറ്റീവ് പോളുമായി രൂപാന്തരം പ്രാപിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന ശ്വാസപ്രശ്വാസങ്ങളിലൂടെ സംഭവിക്കുന്ന വൈദ്യുതി പ്രവാഹം കാന്തികമായ ഊര്‍ജ്ജത്തിന്റെ സ്വഭാവം കൈവരിക്കുകയും നാഡീവ്യൂഹത്തിലെയും പ്രപഞ്ച സ്രോതസ്സിലെയും ഊര്‍ജ്ജത്തെ നട്ടെല്ലിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തേക്ക് നഷ്ടപ്പെടുന്ന ബോധത്തെ ഉള്ളിലേക്ക് തിരിക്കാനും നട്ടെല്ലിലേയും മസ്തിഷ്‌കത്തിലേയും സൂക്ഷ്മമായ പ്രത്യക്ഷാനുഭവങ്ങളില്‍ ആ ബോധത്തെ ഉറപ്പിക്കാനും സാധകനാകുന്നു. ക്രമേണ അയാള്‍ക്ക് ധ്യാനാവസ്ഥ കൈവരുന്നു.  കടപ്പാട്

No comments:

Post a Comment