അപരോക്ഷാനുഭൂതി -123
പൂർണ്ണ ബ്രഹ്മാനുഭവം ആഗ്രഹിക്കുന്നയാൾ
അക്ഷീണനായി ഇതു നിരന്തരം അഭ്യസിക്കണമെന്നാണിനി നിർദ്ദേശിക്കുന്നത്.
ഏവംചാകൃത്രിമാനന്ദം
താവത് സാധുസമഭ്യസേത്
വശ്യോയാവത്ക്ഷണാത്പുംസഃ
പ്രയുക്തഃ സസ്വയംഭവേത് (125)
ഇപ്രകാരമായതുകൊണ്ട് സഹജമായ ഈ ബ്രഹ്മാനന്ദം അതുവരെ വേണ്ടപോലെ അഭ്യസിച്ചു വശത്താക്കേണ്ടതാണ്. പുരുഷനു ക്ഷണം കൊണ്ടു തന്നെ അനുഭവിക്കാൻ
കഴിയുമെന്നുറപ്പുവരുന്നതുവരെ. അഭ്യസിച്ചു വശത്താകുന്നതോടെ അവൻ സ്വയം ആനന്ദമായി ഭവിക്കുകയും ചെയ്യും.
പ്രയുക്തഃ സഭവേത് സ്വയം
സഹജാനന്ദം അഭ്യസിച്ചു വശത്തായവൻ സ്വയം ആനന്ദമായിത്തന്നെ ഭവിക്കുന്നു. പൂർണാനന്ദമാണു ബ്രഹ്മസ്വരൂപം. ബ്രഹ്മത്തെ അറിയുന്നയാൾ ബ്രഹ്മമായിത്തീരുന്നു എന്നാണല്ലോ ഉപനിഷത് പ്രഖ്യാപനം. ആനന്ദമായിത്തീർന്നാൽ അനുഭവമുണ്ടാകുമോ എന്നാണു ചില മന്ദബുദ്ധികളുടെ സംശയം. കേവലാനുഭവമാണു ബ്രഹ്മം. പ്രപഞ്ചം മുഴുവൻ അനുഭവമാണല്ലോ. അനുഭവമില്ലാത്തിടത്തു
പ്രപഞ്ചമില്ല. അനുഭവത്തിൽ നിന്നല്ലാതെ അനുഭവത്തിനു രൂപംകൊള്ളാൻ പറ്റുമോ. അനുഭവമില്ലായ്മയിൽ നിന്നനുഭവം രൂപപ്പെടുമോ. അനുഭവമില്ലായ്മ ശുദ്ധ ശൂന്യമാണ്. ശൂന്യത്തിൽ നിന്നു ഭ്രമാനുഭവം പോലും സാധ്യമല്ലെന്നേതുകുട്ടിക്കാണു അറിഞ്ഞുകൂടാത്തത്. ആനന്ദാനുഭവം മാറിനിന്നു കൊണ്ടുള്ള അനുഭവമല്ലെന്നു ലൗകികാനന്ദാനുഭവം പോലും വിളിച്ചറിയിക്കുന്നതായി നാം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. സമാധിയെന്നറിയപ്പെടുന്ന സഹജാനന്ദം ആനന്ദത്തിന്റെ പൂർണ്ണതയാണ്.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
No comments:
Post a Comment