*🎼മനുഷ്യൻ ഒരു ഗോവണി*
മനുഷ്യൻ മനസ്സാകുന്നു. മനുഷ്യൻ എന്ന വാക്ക് ഉണ്ടായത് സംസ്കൃതഭാഷയിലെ മന് എന്ന ധാതുവിൽനിന്നാണ്. മന് എന്ന ധാതുവിന്റെ അർത്ഥം ചിന്തിക്കുക എന്നാണ്. നമുക്ക് മനസ്സിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ മനുഷ്യന്റെയും സത്യവാസ്തവികത ബോധ്യപ്പെടും. അവന്റെ സാധ്യതയും ബോധ്യപ്പെടും.
നമുക്ക് മനസ്സിന്റെ യാന്ത്രികസംവിധാനം മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ മനുഷ്യന്റെ ഭൂതവും വർത്തമാനവും ഭാവിയും മനസ്സിലാകും. മനുഷ്യൻ ഒരു സത്തയല്ല. മനുഷ്യൻ ഒരു ഗമനമാർഗ്ഗമാണ്. മനുഷ്യനിൽ അവൻ ഒരു ഉണ്മയല്ല. എന്തെന്നാൽ മനുഷ്യൻ നിരന്തരമായി മാറിക്കെണ്ടിരിക്കുകയാണ്. ഒരു മനുഷ്യന് വിശ്രമമില്ലാത്ത ഭാവമാറ്റങ്ങളാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് താഴെയും മനുഷ്യന് ഉപരിയും മാത്രമേ വിശ്രമമുള്ളൂ.
മനുഷ്യന് താഴെ പ്രകൃതിയും മനുഷ്യന് ഉപരി ദൈവവുമാണ്. മനുഷ്യൻ ഇവയ്ക്കിടയിലുള്ള ഒരു കണ്ണിമാത്രമാണ്. ഒരു ഗോവണി മാത്രമാണ്.
നമുക്ക് ഗോവണിയിൽ വിശ്രമിക്കാൻ കഴിയുകയില്ല. നമുക്ക് ഗോവണിയിൽ നിൽക്കാൻ കഴിയുകയില്ല. നമുക്ക് ഗോവണിയെ സ്വഗൃഹമാക്കാൻ കഴിയുകയില്ല. മനുഷ്യന് അതിനെ അതിജീവിക്കേണ്ടതുണ്ട്. അതിലംഘിക്കേണ്ടതുണ്ട്.
രണ്ട് അനന്തതകൾക്കിടയിലുള്ള ഒരു യാത്രയിലാണ് മനുഷ്യൻ. ഒരനന്തത നമ്മുടെ പ്രകൃതിയാണ്. വേറൊരു അനന്തത മറഞ്ഞിരിക്കുന്ന ദൈവവും. ഇവയ്ക്കിടയിൽ മനുഷ്യൻ ഒരു കടത്തുവള്ളം പോലെയാണ്. അതിനെ ഉപയോഗിക്കുക. പക്ഷേ അതിൽ ചുരുങ്ങിപ്പോകാൻ പാടില്ല. അത് ഉപയോഗിച്ചുകൊള്ളൂ. എന്നാൽ അതിൽ പരിമിതപ്പെടാൻ പാടില്ല. എപ്പോഴും ഓർക്കേണ്ടത് നമുക്ക് അപ്പുറത്തേക്ക് പോകേണ്ടതുണ്ട് എന്നാണ്.
No comments:
Post a Comment