*ഹിംസകാകിയോപാഖ്യാനം*
🌲🙏🏽🌲🙏🏽🌲🙏🏽
ഒരു കാക്കയുടേയും അരയന്നത്തിന്റെയും മത്സരകഥ കൂട്ടുകാർ കേട്ടിട്ടു ണ്ടോ? അങ്ങനെയൊരു കഥ മഹാഭാരതത്തിൽ പറയുന്നുണ്ട് കേട്ടോളു!
വളരെ ധനവാനും സത്കർമ്മിയും ദാനശീലനും, ധർമ്മിഷ്ഠനുമായ ഒരു വൈശ്യൻ ഉണ്ടായിരുന്നു അയാളുടെയും പുത്രന്മാരുടെയും എച്ചിൽ കഴിച്ചു വളർന്നു വന്ന ഒരു കാക്കയും. വശ്യപുത്രന്മാരുടെ വിവിധതരം ഭക്ഷണാവശി ഷ്ടങ്ങൾ ഭക്ഷിച്ചു സുഖിക്കുന്ന കാക്കയ്ക്ക് മറ്റു കാക്കകളേയും പക്ഷികളേയും പുച്ഛമായിരുന്നു. ഒരു നാൾകടൽ ക്കരയിൽ വന്നിറങ്ങിയ മനോഹരങ്ങളായ അരയന്നങ്ങളെ കണ്ട വൈശ്യ പുത്രന്മാർ കാക്കയോടു ചോദിച്ചു " പക്ഷികളിൽ മേലെയുള്ള വിഹംഗം നീയല്ലേ?എന്ന്. എച്ചിൽ തിന്ന് ഗർവ്വം പൂണ്ട കാക്ക ആ കളിയാക്കൽ സത്യമെന്ന് നിനച്ചു. കാക്കയ്ക്ക് തോന്നി ഈ ഹംസങ്ങളെ തന്നെ മത്സരത്തിന് ക്ഷണിച്ചാലോ? എന്ന്.. ഒരു പറക്കൽ മത്സരം! കാക്ക അരയന്നങ്ങളിൽ മുഖ്യനെ മത്സരത്തിന് വിളിച്ചു. ഗരുഡന്റ ഗതിക്ക് ഒപ്പം പറക്കുന്ന അരയന്നങ്ങൾ അതു കേട്ടു ചിരിച്ചു. എന്നിട്ടു ചോദിച്ചു "മാനസസരസ്സിലെ അരയന്നങ്ങളായ ഞങ്ങൾ ഭൂമി ചുറ്റുന്നവരാണ്.പക്ഷികളിൽ ദൂരെ പറക്കുന്ന കുട്ടർ.അങ്ങനെയുള്ള ഞങ്ങളോടൊപ്പം കാക്കയായ നീ പറക്കുന്ന തെങ്ങനെ? കാക്ക പറഞ്ഞു നൂറ്റൊന്നു തരം പറക്കൽ എനിക്കറിയാം. ഓരോന്നും നൂറു യോജന വീതം, വീഴലും, പൊങ്ങലുമൊക്കെയായി പലതരം പറക്കൽ മത്സരം. ഞാൻ ആകാശ ത്തിലേക്ക് ഇപ്പോഴേ പറക്കാം. നിങ്ങളിൽ ആരു കൂടെ പറക്കും എന്ന് തീർച്ചയാക്കുവിൻ ". നീ നൂറ്റൊന്നു തരം പറക്കുമായിരിക്കാം. മറ്റുള്ള പക്ഷികൾക്കെല്ലാം ഒരു തരം പറക്കലേ ഉള്ളു. ഞാൻ നിന്നോട് മത്സരിച്ച് പറക്കാം. നിന്റെ ഇഷ്ടം പ്രകാരം പറക്കുക " എന്ന് അരയന്നവും' മറുപടി നല്കി
' അരയന്നവും കാക്കയും മത്സരിച്ച് പറക്കാൻ തുടങ്ങി. കാക്കയുടെ വിഡ്ഢിത്തം കണ്ട് മറ്റു കാക്കകൾ പരിഹസിച്ച് ആർത്തുവിളിച്ചു..ഹംസം ആഴിയുടെ മുകളിൽ കൂടി പറന്നു തുടങ്ങി. കാക്കയും അതിനെ അനുഗമിച്ചു. കുറച്ചു നേരം പറന്നപ്പോഴേയ്ക്കും കാക്ക ക്ഷീണിതനായി. എവിടെയെങ്കിലും ഒരിടത്ത് ഇരിക്കാൻ കൊതിച്ചു കാക്ക. ദ്വീപും,മരങ്ങളുമൊന്നും ഇടയ്ക്കു കാണാതെ തളർന്നു. മുമ്പിൽ കടന്ന ഹംസം തന്നെ കടന്നു പോകാൻ കാക്കയ്ക്കാകില്ല എന്ന് കണ്ടു ഹംസത്തിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല " പല തരത്തിൽ പറക്കുമെന്നു പറഞ്ഞ നീ ഇതെന്തു പറക്കലാണ് ചെയ്യുന്നത്.?ചിറകുകളും കൊക്കും വെള്ളത്തിൽ മുട്ടുന്നുണ്ടല്ലൊ! വേഗം വരാം നിന്നെ ഞാൻ കാത്തു നില്ക്കാം.
വെള്ളത്തിൽ അല്പം വിശ്രമം പോലും കിട്ടാതെ പറന്നു തളർന്ന കാക്ക പറഞ്ഞു "
''ഹംസമേ ... എന്നേ കരകയറ്റേണമേ'
നൂറ്റൊന്നുമാതിരി പറക്കുമെന്ന്ആത്മപ്രശംസ ചെയ്ത നീ എങ്ങനെയാണ് തളർന്ന് കടലിൽ വീണ് പോയത്?
ഉച്ഛിഷ്ടം തിന്ന് ഗർവ്വ് കേറിയ ഞാൻ ഗരുഡൻ തുല്യനെന്ന് നിനച്ച് കാക്കകളേയും മറ്റു പക്ഷികളെയും നിന്ദിച്ചു. നീയെന്നെ രക്ഷിക്കണം ഇനി ഞാൻആരേയും നിന്ദിക്കില്ല
കാ --- കാ ---- എന്നു കരഞ്ഞ് വെള്ളത്തിൽ മുങ്ങി വിറക്കുന്ന കാക്കയെ ദയ തോന്നിയ അരയന്നം കൊക്കിലെടുത്ത് കരയിലെത്തിച്ചു. എച്ചിൽ തിന്ന തടിച്ച കാക്കയുടെ അഹങ്കരവും മറ്റുള്ളവരെ നിന്ദിക്കുന്ന ശീലവും അതോടെ തീർന്നു.
ഇത് മഹാഭാരതം കർണ്ണപർവ്വത്തിൽ ശല്യർ കർണ്ണനോട് പറയുന്ന കഥയാണ്. കഥയുടെ സന്ദർഭം എന്താണന്ന് പറയട്ടെ! '
മഹാഭാരത യുദ്ധം നടന്നുകൊണ്ടിരിക്കേ ദ്രോണരുടെ മരണശേഷം കർണ്ണനെ ദുര്യോധനൻ കൌവരവ സേനാധിപതിയായി അവരോധിച്ചു. ശല്യരെയായിരുന്നു കർണ്ണന് സാരഥിയായി കിട്ടിയത്. പാണ്ഡവപക്ഷത്തുനിന്നും അക്ഷൗഹിണി പടയുമായി വന്ന ശല്യരെ ദുര്യോധനൻ ചതിയിൽ കൂടി തന്റെ പക്ഷത്തു ചേർക്കുകയായിരുന്നു. ഇതിൽ ശല്യർക്ക് കൗരവ രോട് വെറുപ്പുമുണ്ട്. കുന്തീപുത്രനാണെങ്കിലുംസൂത പുത്രനായിരുന്നതുകൊണ്ട് കർണ്ണനോട് ശല്യർക്ക് പ്രിയമായിരുന്നില്ല. അതകൊണ്ട് കർണ്ണന് ഒരു ശല്യമായിരുന്നു ശല്യർ. യുദ്ധ സ്ഥലത്ത് ഞാൻ ഉടനെ അർജ്ജുനനെ കൊല്ലും എന്ന് വീമ്പിളകുന്നത് കേട്ടിട്ട് ശല്യർ കർണ്ണനെ നിന്ദിച്ചും അധിക്ഷേപിച്ചും സംസാരിച്ചു. കർണ്ണൻ ആത്മപ്രശംസ ചെയ്യുമ്പോഴും അർജ്ജുനനെ നിന്ദിച്ച് സംസാരിക്കുമ്പോഴും ശല്യർ തക്ക മറുപടി നല്കുമായിരുന്നു. കൗരവരുടെ "എച്ചിൽ തിന്നി " എന്ന് വരെ കർണ്ണനെ സംബോധന ചെയ്യുന്നുണ്ട്. ഇത് സ്ഥാപിക്കാനാണ് ഹംസന്റെയും കാക്കയുടേയും കഥ ശല്യർ പറയുന്നത്.
കർണ്ണന് തന്റെ കഴിവിൽ വിശ്വാസമുണ്ട്. അത് വളർന്ന് ആത്മവിശ്വാസവും അഹങ്കാരമായും തീർന്നു. അർജ്ജുനൻ തന്നേക്കാൾ കേമനാണെന്നറിയാം പക്ഷേ അത് അംഗീകരിക്കാനുള്ള മനസ്സില്ല മറിച്ച് പാർത്ഥനെ നിന്ദിക്കുകയാണ് ചെയ്യുന്നത്. അത് കർണ്ണന്റെ നാശത്തിന് കാരണമായി.
നമ്മുടെ ശത്രുവായാലും അയാളുടെ കഴിവിനെ അംഗീകരിക്കാനുള്ള ഹൃദയവിശാലത നമുക്കുണ്ടാക്കണം.അത് കുട്ടിക്കാലം മുതലേ വളർത്തിക്കൊണ്ടുവരണം. നമ്മുടെ കഴിവുകൾ സമുഹ നന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താമെങ്കിൽ അതിന്റെ ഫലം നമ്മുടെ പ്രതീക്ഷകൾക്കപ്പുറമായിരിക്കും. നല്ലതു ചിന്തിക്കുവാനും, പറയുവാനും, പ്രവർത്തിക്കുവാനും നമ്മളിൽ മുതിർന്നവരെ ബഹുമാനിക്കുവാനും എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
No comments:
Post a Comment