Saturday, October 26, 2019

ആനന്ദം

*🎼ആനന്ദം*

ആനന്ദാനുഭവം സഹജമാകുന്നതോടെ സാധനാനുഷ്ഠാനങ്ങളെല്ലാം അവസാനിക്കുന്നു. ഈ സഹജാനന്ദാനുഭവം വാക്കിനോ മനസ്സിനോ എത്തിച്ചേരാവുന്ന ഇടമല്ല.

തതഃ സാധനനിർമുക്തഃ
സിദ്ധോഭവതിയോഗിരാട്
തത് സ്വരൂപം നചൈകസ്യ 
വിഷയോമനസോഗിരാം.

സഹജാനന്ദത്തിൽ എത്തിച്ചേരുന്നതോടെ ആ മഹായോഗി സാധനാനുഷ്ഠാനങ്ങളൊക്കെ കൈവെടിഞ്ഞ് സിദ്ധനായിത്തീരുന്നു. ആ സ്ഥിതപ്രജ്ഞന്റെ യഥാർത്ഥ സ്ഥിതി ഒരുവന്റെ മനസ്സിനോ വാക്കുകൾക്കോ വിഷയമാക്കാൻ പറ്റുന്നതല്ല തന്നെ. 

*🎼സിദ്ധോഭവതിയോഗിരാട്*

ആ മഹായോഗി സിദ്ധനായിത്തീരുന്നു. ഏതു മഹായോഗി? 
സഹജാനന്ദത്തിലെത്തിച്ചേരുന്ന മഹായോഗി. സഹജാനന്ദമാണു യോഗാനുഷ്ഠാനങ്ങളുടെയെല്ലാം പരമലക്ഷ്യം. അവിടെ എത്തുന്നതോടെ യോഗി സാധനാനുഷ്ഠാനങ്ങളൊക്കെ കൈവെടിയുന്നു. ലക്ഷ്യത്തിലെത്താനാണല്ലോ ഉപായങ്ങൾ. വീട്ടിലെത്താനായി ഒരാൾ പല ഉപായങ്ങളെയും ആശ്രയിച്ചു സഞ്ചാരം തുടരുന്നു. എത്തുന്നതുവരെ അയാൾ  സഞ്ചാരിയാണ്. എത്തിക്കഴിഞ്ഞാൽ പിന്നെ സഞ്ചാരമോ ഉപായങ്ങളോ ആവശ്യമില്ല. അതുപോലെ സഹജാനന്ദമെന്ന ലക്ഷ്യത്തിലെത്തുന്നതുവരെ യോഗി സാധകനാണ്. അവിടെ എത്തുന്നതോടെ പിന്നെ സാധനാനുഷ്ഠാനമൊന്നുമാവശ്യമില്ല. യോഗാംഗ പരിശീലനമൊക്കെ അവസാനിക്കുന്നു എന്നു താല്പര്യം. അവിടെ എത്തുന്നതോടെ സാധകൻ സിദ്ധനായി മാറുന്നു. യോഗാരുരുക്ഷു യോഗാരൂഢനായിത്തീരുന്നു. ഈ സിദ്ധൻ തന്നെയാണു ജീവന്മുക്തൻ സ്ഥിതപ്രജ്ഞൻ ഗുണാതീതൻ പരമഹംസൻ എന്നൊക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്ഥിതി മനസ്സുകൊണ്ട് ചിന്തിച്ചറിയാനോ വാക്കുകൊണ്ട് വർണ്ണിക്കാനോ സാദ്ധ്യമല്ല. അവിടെയെത്താൻ കഴിയാതെ വാക്കുകൾ മനസ്സിനോടൊപ്പം മടങ്ങിപ്പോരുന്നു എന്നാണല്ലോ ശ്രുതി തന്നെ ഘോഷിക്കുന്നത്.

No comments:

Post a Comment