*രാമേശ്വരം*
ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.
*ഗന്ധമാദനപർവതം*
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.
*ശ്രീ കോദണ്ഡരാമക്ഷേത്രം*
കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.
*ആഞ്ജനേയക്ഷേത്രം*
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.
*അഗ്നിതീർത്ഥം*
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
*ധനുഷ്കോടി*
പ്രധാന ലേഖനം: ധനുഷ്കോടി
*രാമതീർഥം*
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.
*ലക്ഷ്മണതീർഥം*
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.
*സീതാതീർഥം*
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.
*ജടായുതീർഥം*
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.
*തങ്കച്ചിമഠം*
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻറി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻറി.
*തിരുപുല്ലാണി*
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.
*ദേവിപട്ടണം*
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.

No comments:
Post a Comment