*ശിവസ്തുതി*
പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം
പല്ലവി
അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യനാമകീർത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം
ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം
ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ
തോന്നീടണമേ സദാ നമഃശിവായ പാഹിമാം
ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ
വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ
നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം
ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം
എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ
ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ
അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.
No comments:
Post a Comment