Friday, October 25, 2019

തിതിക്ഷാ

*🎼തിതിക്ഷാ*

സഹനം സർവ്വ ദുഃഖാനാം
അപ്രതീകാരപൂർവ്വകം
ചിന്താവിലാപരഹിതം
സാ തിതിക്ഷാ നിഗദ്യതേ.

പ്രതികാരം ചെയ്യാതെയും ചിന്തയോ വിലാപമോ കൂടാതേയും വന്നുചേരുന്ന ദുഃഖങ്ങളെയെല്ലാം സഹിക്കാനുള്ള കഴിവാണ് തിതിക്ഷാ.

അദ്ധ്യാത്മ സാധനയിൽ നിഷ്ഠയോടു കൂടിയ ഉത്കൃഷ്ട സാധകന്റെ ആന്തരിക യോഗ്യതകളിൽ നാലാമത്തേതായ തിതിക്ഷയെ ശ്രീശങ്കരൻ ശാസ്ത്രീയ രീതിയിൽ പൂർണ്ണമായി ഇവിടെ നിർവചിക്കുന്നു. എല്ലാ മതങ്ങളിലും ഈ ഗുണത്തെ-മൗനമായി സഹിക്കാനുള്ള കഴിവിനെ പ്രകീർത്തിച്ചിട്ടുണ്ട്. നമ്രമായ ആത്മാർപ്പണവും മൗനമായ സഹനവും പരമപ്രാധാന്യമുള്ള അച്ചടക്കങ്ങളായി സർവ്വമതങ്ങളും അംഗീകരിക്കുന്നു. പരമോത്കൃഷ്ടമെന്ന് താൻ അംഗീകരിച്ചിട്ടുള്ള ആദർശത്തിന്നുവേണ്ടി അത് ആദ്ധ്യാത്മികമോ ഭൗതികമോ ആവട്ടെ എന്തു ത്യാഗവും സഹിക്കാനുള്ള സന്നദ്ധത ഏതൊരാദർശപുരുഷനിലും കാണാം. ഭൗതികരംഗത്ത് വിപ്ലവാത്മകമായ പരിവർത്തനം വരുത്തുന്നതിനായി പ്രയത്നിക്കുന്ന ഭൗതികചിന്തകന്മാർപോലും തങ്ങളുടെ ലക്ഷ്യം നേടുന്നതിന്ന് എന്തെന്തു ത്യാഗങ്ങൾ മൗനമായി ചെയ്യുന്നില്ലേ? അപ്പോൾപ്പിന്നെ അത്യന്തസൂക്ഷ്മമായ ആന്തരിക പരിവർത്തനത്തിന്ന്, മനോ ബുദ്ധികളുടെ സുശക്തമായ കാരാഗൃഹത്തിൽ നിന്ന് മോചനം നേടാൻ പ്രയത്നിക്കുന്ന സാധകന്ന് ഈ കഴിവ് (തിതിക്ഷ) എത്ര അധികം ആവശ്യമാണെന്ന് ഊഹിക്കാമല്ലോ. ആദ്ധ്യാത്മികപുരോഗതിക്ക് ഓരോ സാധകനും ഈ ഗുണം വളർത്തി നിലനിർത്തിയേ മതിയാവൂ.

എന്നാൽ ദയനീയമെന്ന് പറയട്ടെ ചിലർ തിതിക്ഷയുടെ പേരിൽ ആപത്കരമായ കഠിനവ്രതങ്ങളിൽ മുഴുകാറുണ്ട്. ആത്മദർശനോപായമെന്നു കരുതി അവരുടെ ശരീരവും മനസ്സും ബുദ്ധിഹീനമായി പീഡിപ്പിക്കുന്ന ഒട്ടേറെ ആൾക്കാരെ നമുക്കറിയാം. ക്രൂരവും കഠിനവുമായ ആത്മപീഡയുടെ ഫലമായി അവസാനം അവർ നേടുന്നതോ കഷ്ടം! കുടിലവും വികൃതവും വിരൂപവുമായ മനസ്സ്!! ആന്തരികസൗന്ദര്യത്തിന്റേയോ പൂർണതയുടെയോ കണികപോലും നേടാൻ അവർക്ക് കഴിയില്ല.

No comments:

Post a Comment