Sunday, October 27, 2019

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം.

*ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!*

മലപ്പുറത്തെ ചരിത്രമെഴുതിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും മിത്തുകളും ഒരായിരമുണ്ട്. വള്ളുവനായ് രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അന്നു മുതൽ പരിപാലിച്ചു പോരുന്നത് വള്ളുവനാട് രാജാക്കന്മാരായിരുന്നു.
പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിനും ഏറെ പ്രസിദ്ധമാണ്.
വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും വിശ്വാസികളുടെ പ്രിയ ക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വിശേഷങ്ങളും ചരിത്രവും പ്രത്യേകതകളും ഒക്കെ വായിക്കാം...

*അങ്ങാടിപ്പുറം*

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രം കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നും തിരുമാന്ധാംകുന്ന് ക്ഷേത്രം തന്നെയാണ്

   *കുന്നിൻമുകളിലെ ക്ഷേത്രം*

പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്‍റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു കവാടങ്ങളുള്ള ക്ഷേത്രത്തിൽ
വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്.
മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്നത്

    *ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം*

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് തൻറെ പത്നിയായ പാർവ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവൻ ആകെ സങ്കടത്തിലാവുകയും ഒടുവിൽ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാൽ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച പാർവ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയക്കുകയുടെ ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഭൂതഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹർഷിയുടെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളിൽ പതിച്ച് ഇവർക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്. പിന്നീട് ഇത് അന്യാധീനപ്പെട്ടുപോവുകയും പതിറ്റാണ്ടുകൾക്കു ശേഷം വളരെ അവിചാരിതമായി ക്ഷേത്രം കണ്ടെത്തി നവീകരിക്കുകയുമായിരുന്നു.

No comments:

Post a Comment