Friday, October 25, 2019

വിവേകചൂഡാമണി-63

വിവേകചൂഡാമണി-63

   വസ്ത്രങ്ങൾ ഉപേക്ഷിക്കുക; ഉപവാസത്തിന്റെ പേരിൽ പട്ടിണി കിടന്നു ശരീരം ശോഷിപ്പിക്കുക; അവശ്യങ്ങളായ ശാരീരികാവശ്യങ്ങളെ അവഗണിക്കുക; മനസ്സിന് അനാവശ്യമായ പീഡയേൽപ്പിക്കുക; ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ വൈമുഖ്യം കാണിക്കുക; നാടും വീടുമുപേക്ഷിച്ച് വനാന്തരങ്ങളിലോ ഗിരിഗഹ്വരങ്ങളിലോ ഏകാന്തവാസം ചെയ്തു ലോക സാധാരണമല്ലാത്ത വല്ലതും ആഹരിച്ച് ഉപജീവനം കഴിക്കുക; കഠിനമായ കാലാവസ്ഥയിൽ മൃഗങ്ങളെപ്പോലെ ജീവിക്കുക; ഏതു പരിതഃസ്ഥിതിയിലും എന്തു ദുഃഖവും സഹിക്കാനുള്ള കഴിവ് നേടാൻ വേണ്ടി ദേഹത്തിന്നു കടുത്ത പീഡയേൽപ്പിക്കുക --- ഇവയൊന്നുമല്ല ശരിയായ 'തിതിക്ഷ'. എന്നിട്ടും എത്രയെത്ര അന്ധരായ സാധകന്മാർ ഇത്തരം 'അജ്ഞാനശില'യിൽ തട്ടി തകർന്നു പോയിട്ടില്ല!

    ദിവ്യമഹിമയാർന്ന്, മഹത്വപൂർണ്ണമായ പ്രസന്നതാ ഭാവം സ്വപ്രയത്നത്താൽ നേടിയ സുദൃഢമായ ബുദ്ധിയാകുന്ന സാരഥിയാൽ നയിക്കപ്പെടുന്ന മനസ്സിൽ നിന്ന് ഉയരുന്ന വിശിഷ്ടഗുണമാണ് തിതിക്ഷ. അംഗീകൃത ജീവിതമൂല്യങ്ങളുടെ മഹനീയതയെക്കുറിച്ചും, ലക്ഷ്യത്തിന്റെ പരമോത്കൃഷ്ടതയെക്കുറിച്ചും, ബുദ്ധിക്ക് പൂർണ്ണ ബോദ്ധ്യം വന്നു കഴിഞ്ഞാൽ, അതു നേടാനുള്ള ശ്രമത്തിൽ, സകല പ്രതിബന്ധങ്ങളെയും വിഷമതകളേയും മനസ്സ് സസന്തോഷം നേരിടും. ഈ മാർഗ്ഗത്തിൽ വന്നു ചേരാവുന്ന എല്ലാ വെല്ലുവിളികളേയും ഉന്മേഷത്തോടെ നേരിടാനും, എല്ലാ വിഘ്നങ്ങളേയും ക്ഷമയോടെ, മൗനമായി, മുറുമുറുപ്പില്ലാതെ സഹിച്ച് നിസ്സാര ഭാവത്തിൽ തള്ളിക്കളയാനുമുള്ള കഴിവാണ് 'തിതിക്ഷ'. 

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment