കല്കി അവതാരം
ഓം ഗം ഗണപതയേ നമഃ
ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു (ദേവനാഗിരിയിൽ कल्कि,ഇംഗ്ലീഷിൽ Kalki).'കൽക്കി' എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു.വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.
കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും.ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും.
കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും.വിഷ്ണുവിൻറെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംകൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നുംകരുതപ്പെടുന്നു.).കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.
ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ.കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും.എങ്ങുംഅധർമ്മം മാത്രമാകും.'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം.ഈ കുതിരയ്ക്ക് ചിറകുകളുണ്ട്.ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്ജ്വക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.
അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.-പത്മപുരാണം.
ദശാവതാരവും മനുഷ്യനും.
ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാൽ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും.. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും.. മത്സ്യം മുതൽ കല്കി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും..
മത്സ്യം
ആണ് ആദ്യത്തെ അവതാരം..മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓര്ക്കാറുമുണ്ട്.. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം..സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക..ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്..
കൂർമ്മം
അടുത്തത് കൂര്മാവതാരമാണ്.. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂര്മത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം..കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പര്ശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം..
വരാഹം
വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്..സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയര്ത്തണം.. വരാഹം ഭൂമിയെ ഉയര്ത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക..
നരസിംഹം
എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു മൃഗമുണ്ട് .ഉള്ളിലെ മനുഷ്യത്വത്തെ ഉണർത്താൻ ഭഗവത് സാധന തന്നെ ഉള്ളു മാർഗം ..എന്നാണ് ഭഗവാന്റെ നരസിംഹ രൂപം നമ്മെ പഠിപ്പിക്കുന്നത്
വാമനൻ
മനുഷന്റെ വലിപ്പത്തിൽ യാതൊരർഥവുമില്ല എത്ര ചെറിയവനായി വിനീതനായി നിൽക്കുന്നുവോ അത്രയും ഉയർചാ നേടാൻ കഴിയും എന്ന് വാമന രൂപിയായ ഭഗവൻ നമ്മെ പഠിപ്പിക്കുന്നു. അതായത് ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം അഹംഭാവത്തെയും അഹങ്കാരത്തേയും ചവുട്ടി താക്കുക എന്നതാണ്..
പരശുരാമൻ
ക്രോധത്തിന്റെ പരമകാഷ്ഠയിൽ എത്തിയാൽ ഒരു കുലവും സ്വന്തം മാതാപിതാക്കളെയും നശിപ്പിക്കാൻ മനുഷ്യൻ ശ്രമിക്കുമെന്നും ക്രോധമടക്കുകയാണ് ജ്ഞാനതിലേക്കും ചിരംജീവിയായി മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം നേടാനും നമ്മെ സഹായിക്കുന്നതെന്നും പരശുരാമ രൂപിയായ ഭഗവൻ ഉത്ബോധിപ്പിക്കുന്നു
ശ്രീരാമൻ
രജോ ഗുണത്തിൽ നിന്ന് മുക്തനായി പൂര്ണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി ഭഗവൻ മാറുന്നു.. ഉത്തമപുരുഷനായ രൂപം..അതായത് മാതാപിതാക്കളെ അനുസരിക്കുക വഴി , പ്രജാഹിതം മാനിക്കുക വഴി നല്ല ഭരണാധികാരിയാകാനും എല്ലാ ദുര്ഗുണങ്ങളേയും നശിപ്പിച്ച് ഉത്തമനായ ഒരു പുത്രനെങ്ങനെ ജീവിതമാകുന്ന സാഗരം തരണം ചെയ്യാം ഒരു നല്ല ഭരണാധികാരിയാകാം എന്ന് നാരായണൻ ഉത്ബോധിപ്പിക്കുന്നു .
ശ്രീകൃഷ്ണൻ
ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു.. ശാപവും അനുഗ്രവും പുഞ്ചിരിയോടെ സ്വീകരിക്കാൻ നാം പഠിക്കുമ്പോൾ ലോകാരാധ്യനായി തീരും എന്നതിന്റെ മകുടോദാഹരണമാണ് ശ്രീകൃഷ്ണൻ . ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ കൂടെ കടന്നു പോയ ഒരാളുണ്ടാകില്ല . കാച്ചിക്കുറുക്കിയ അനുഭവങ്ങളിൽ നിന്നും പ്രതിസന്ധിയിലും നാം എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാൻ മാനവ രാശിക്ക് നൽകിയ അമൂല്യ നിധിയാണ് ഗീത
ബലരാമൻ
ബലേന രാമോ രമണം യസ്യ എന്നാണ്.. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാൻ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തിൽ രമിക്കുന്നവനായി മാറുന്നവനാണ് ബലരാമൻ . അവിടെ സാധകൾ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു
കല്കി
അടുത്തത് കല്ക്കിയാണ്.. രൂപമില്ലാത്ത ഒന്ന്.. മത്സ്യത്തിൽ നിന്ന് തുടങ്ങി കല്കിയിലെത്തുമ്പോൾ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു.. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം..അതാണ് കല്ക്കി..
-----------------------------------------------------------------------------------------------------------------------------------------------------------
അനേകം അവതാരങ്ങൾ സ്വീകരിച്ചു ഭൂമിയെ രക്ഷിച്ച ശ്രീമാൻ നാരായണ അവിടുന്ന് അടിയന്റെ ഈ സമർപ്പണം സ്വീകരിക്കാൻ ദയവുള്ളവനാകണേ . അനേകം ആളുകളിലേക്ക് അവിടുത്തെ അവതാര കഥകൾ എത്തിച്ചേരാൻ ഇവിടെ എത്തിച്ചേരുന്ന ഭക്തർ നിമിത്തമായി തീരണേ ..അവിടുത്തെ കഥകൾ വായിക്കുകയും പറയുകയും സത്‌സംഗം ഉണ്ടാകുകയും ചെയ്യാൻ കരുണ ഉണ്ടാകണെ. കാരുണ്യ കടലായ അവിടുന്ന് ഇപ്പോഴും എല്ലാ പ്രതിസന്ധികളിലും അവിടുത്തെ ഭക്തരുടെ കൂടെ ഉണ്ടാകാൻ കരുണ കാട്ടണമേ
No comments:
Post a Comment