Sunday, October 27, 2019

ജ്ഞാനയോഗം

*സനാതനം 63*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*ജ്ഞാനയോഗം*

*മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളും അവർ അറിയാതെ ഈശ്വരനിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരം, കുടുംബം, യോഗ്യതകള്‍, സമൂഹം, ജാതി, വിശ്വാസം, വര്‍ഗ്ഗം, ദേശീയത എന്നിങ്ങനെ ലക്ഷക്കണക്കിനുള്ള ഉപാധികൾ തടസ്സപ്പെടുത്തിയില്ലെങ്കിൽ അയാള്‍ തന്‍റെ അന്തിമമായ ലക്ഷ്യത്തിലേക്കു തന്നെ മുന്നേറുന്നു. ഒരാൾ അയാളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് അന്തിമമായ സ്വരൂപത്തിലെത്താന്‍ ശ്രമിച്ചാല്‍ അതിനെ 'ജ്ഞാനയോഗം' എന്നുപറയുന്നു. ജ്ഞാനയോഗമെന്നത്, ശുദ്ധമായ ബുദ്ധിക്ക് മാത്രം പ്രാപ്യമാണ്. ജ്ഞാനയോഗികള്‍ക്ക് ഏതെങ്കിലും ഒരു ഉപാധിയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയില്ല.*

*ജ്ഞാനമാർഗ്ഗത്തിൽ ഭക്തിയില്ലാതെ ആർക്കും ജ്ഞാനമുണ്ടാവില്ല. എന്താണ് യഥാർത്ഥത്തിൽ ഭക്തി എന്ന് പറയുന്നത്? ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസവും, ആ വിശ്വാസത്തിൽ ശ്രദ്ധയോടു കൂടിയുള്ള പ്രായോഗിക കർമ്മങ്ങളും; അതിനെ നമുക്ക് ഭക്തി എന്ന് പറയാം. ഇന്ന് നാം വിവക്ഷിക്കുന്ന ഭക്തി വിഗ്രഹാരാധനയും അതിനോട് അനുബന്ധിച്ച പൂജകളും കർമ്മാനുഷ്ഠാനങ്ങളുമാണ്. ഭക്തിയുടെ ഒരു രൂപം മാത്രമായ ഇതിനെ സഗുണാരാധന എന്ന് പറയും. ഭക്തിയുടെ മറ്റൊരു രൂപമാണ് നിർഗ്ഗുണാരാധന. ഇതാണ് ഒരു ജ്ഞാനയോഗിയുടെ ഉപാസനാ വിഷയം.*

*_നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ_  എന്നു ഭഗവാന്‍ ഗീതയിൽ പറയുന്നു. അതായത് ജ്ഞാനത്തിനുതുല്യം പരിശുദ്ധമായ മറ്റൊന്നും ലോകത്തിലില്ല എന്ന്. _ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം_ എന്നും _സംശയാത്മാ വിനശ്യതി_ എന്നും കൂടെ പറഞ്ഞു. ജ്ഞാനം നേടാന്‍ ആഗ്രഹത്തോടെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിരിക്കുന്ന ശ്രദ്ധാലുവിന് ആത്മജ്ഞാനം കൈവരികതന്നെ ചെയ്യും. എന്നാല്‍ അജ്ഞനായി, ശ്രദ്ധയില്ലാത്തവനായി എന്തിലും സംശയാലുവായി ഇരിക്കുന്നവന്‍ നശിച്ചുപോകുകയും ചെയ്യുന്നു. ഇങ്ങനെയാണ് ജ്ഞാനത്തിന്റെ മഹത്ത്വത്തെ ഗീത പ്രഘോഷണം ചെയ്യുന്നത്.*

*തുടരും.......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191027

No comments:

Post a Comment