Saturday, October 26, 2019

ദീപാവലി 4

*❇️ദീപാവലി 


ഇന്നു ലോകത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മുഖ്യകാരണം വ്യക്തിമനസ്സുകളിലെ സംഘര്‍ഷമാണ്. മാറ്റം വ്യക്തിമനസ്സുകളിലുണ്ടായാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയും.
ഉത്സവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍ ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
 ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്.
ദീപാവലിയെ സാധാരണയായി ശ്രീകൃഷ്ണനുമായിട്ടും ശ്രീരാമനുമായിട്ടും ബന്ധപ്പെടുത്താറുണ്ട്. ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടുന്നതെന്നും ഒരു ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചപ്പോള്‍ എന്റെ ദുഃഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ എന്ന് നരകാസുരന്‍ പ്രാര്‍ത്ഥിച്ചുവെന്നു പറയപ്പെടുന്നു. 
നമ്മള്‍ സ്വയം ദുഃഖിച്ചാലും അന്യരെല്ലാം സുഖത്തോടെയും സന്തോഷത്തോടെയും കഴിയണമെന്ന നല്ല ചിന്തയുടെ പ്രതീകങ്ങളാണ് ദീപാവലിയ്ക്കു നാം കൊളുത്തുന്ന ദീപങ്ങള്‍. അത്തരം ഒരു വിശാലമനോഭാവം വളര്‍ത്തിയെടുക്കാന്‍ ദീപാവലി നമുക്ക് പ്രചോദനമാകട്ടെ.

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരക ചതുര്‍ദ്ദശി എന്നും പേരായി.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.
പാലാഴി മഥന വേളയില്‍ പാലാഴിയില്‍ നിന്നും ലക്ഷ്മീദേവി പ്രത്യക്ഷമായതും  ദീപാവലി  ദിവസത്തില്‍ ആണെന്ന് കരുതപ്പെടുന്നു.

എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.

*ദീപാവലി കുളി* 

പദ്മ പുരാണത്തില്‍ ഭഗവാന്‍ പരമശിവന്‍ പുത്രനായ സുബ്രഹ്മണ്യനോട് ഇപ്രകാരം പറയുന്നു. 

തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ 
ദീപാവല്യാം ചതുര്‍ദ്ദശീം 
പ്രാത സ്നാനാം ഹിയ കുത്യാത് 
യമലോകം നപശുതി 
ദീപാവലി ദിനത്തില്‍ ലക്ഷ്മീ ദേവി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടുന്നു. ആ ദിവസത്തില്‍  പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും നല്‍കും. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും പോലും കീഴടക്കാം. മരണാനന്തരം യമ ലോകം എന്ന  ഭീതിയും  ഒഴിവാകും. 

നരകാസുര നിഗ്രഹ ശേഷം യുദ്ധ ക്ഷീണം അകറ്റുവാനായി ശ്രീകൃഷ്ണ ഭഗവാന്‍ വിസ്തരിച്ച് എണ്ണ തേച്ചു കുളിച്ചതിന്‍റെ സ്മരണയാണ്‌ ദീപാവലി ദിവസത്തെ എണ്ണ തേച്ചു കുളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്‌. യുദ്ധ വിജയ സന്തോഷാര്‍ത്ഥം ദീപങ്ങള്‍ തെളിയിച്ചതിന്‍റെയും മധുരം പങ്കിട്ടതിന്‍റെയും സ്മരണ ഈ ദിവസം അനുസ്മരിക്ക പ്പെടുന്നു. വിശദമായ എണ്ണ തേച്ചു കുളി, വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും, വൈകിട്ട് ദീപ പ്രഭയാല്‍ പ്രകാശപൂര്‍ണ്ണമായ അന്തരീക്ഷം മുതലായവ ദീപാവലിയുടെ മാത്രം പ്രത്യേകതകളാണ്.

ദീപാവലി ദിനത്തില്‍ മഹാലക്ഷ്മീ പൂജ നടത്തുന്നത് സര്‍വൈശ്വര്യ പ്രദായകമാണ്. കൂടാതെ  ഈ ദിവസം ധനപതിയായ കുബേരന്‍, വിഘ്നേശ്വരന്‍, ഇന്ദ്രന്‍, മഹാവിഷ്ണു, സരസ്വതി എന്നിവരെയും പൂജിക്കണം. സമ്പത്ത് ഉണ്ടാകുവാന്‍ കുബേരനെയും വിഘ്ന നിവാരണത്തിന് ഗണപതിയെയും സുഖ ലബ്ദിക്ക് ഇന്ദ്രനെയും ആഗ്രഹ സാഫല്യത്തിന് മഹാവിഷ്ണുവിനെയും വിദ്യാഭിവൃദ്ധിക്കും ബുദ്ധി വികാസത്തിനും സരസ്വതിയെയും പൂജിക്കുക.
ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ അഞ്ചോ ഒ൯പതോ  തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു വച്ച്  മധുരം നിവേദ്യമായി വച്ച് കനകധാരാസ്തോത്രം, മഹാലക്ഷ്മീ അഷ്ടകം, കുബേര അഷ്ടോത്തരം,  മീനാക്ഷി പഞ്ചരത്നം, ഭവാനി അഷ്ടകം മുതലായവ ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധിപ്രദവുമാകുന്നു.
*🕉ദീപാവലി ആശംസകൾ🙏*
R N Nair
         *🌹ശുഭം🙏*

No comments:

Post a Comment